Thursday, April 16, 2009

ബോംബേ നഗരത്തില്‍ പണ്ടൊരു വസന്തകാലത്ത് ...!

നേത്രാവതി എക്സ്പ്രസ്സ് പയ്യന്നൂര്‍ വിട്ടപ്പോള്‍ ഞാന്‍ ബര്‍ത്ത് നിവര്‍ത്തി।
ട്രയിനിന്റെ കൂവലും ഝക് ഝക് ശബ്ദവും കേട്ട് കണ്ണടച്ചുകിടന്നു।
വീണ്ടും മുംബൈയിലേക്ക് ഒരു യാത്ര..............!
ഇത് എത്രാമത്തേ തവണ?
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു പറ്റുന്നില്ല

വി.ടി.യില്‍ ഇറങ്ങി നേരേ ജൂഹൂ ബീച്ചിലേക്കും തിരിച്ചും
ആദ്യം ഞാന്‍ ഒറ്റക്ക് മുംബൈയില്‍ വന്നപ്പോള്‍ നടന്നു പഠിച്ചതങ്ങെനെയാണു
പിന്നെപിന്നെ ഓരോ അടയാളങ്ങള്‍ നോക്കിവഴി മനസ്സില്‍ ഉറപ്പിച്ചുറപ്പിച്ചു നടന്നുപഠിച്ചു
ഇപ്പോള്‍ മുംബൈ തെരുവുകള്‍ എനിക്ക് എന്റെ അരുണാപുരം പോലെ പരിചിതമായിരിക്കുന്നു

ആദ്യമായി ഞാന്‍ മുംബൈയില്‍ വന്നതു 1980ലൊരു വസന്തകാലത്താണ്.
കോളേജില്‍നിന്നും ഒരു പഠന ടൂറില്‍

അന്നു മുംബൈ അല്ല ബോംബേയാണ്.
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന മഹാനഗരം ।
ട്രയിനില്‍ ഒരു ബോഗി ബുക്കുചെയ്താണ് യാത്ര
ഒരു ഭാരത പര്യടനം
ഓരോസ്ഥലത്തും ഞങ്ങളുടെ ബോഗി ഓരോ ട്രയിനില്‍ ഘടിപ്പിച്ച് എത്തും
അവിടെ കാണേണ്ട കാഴ്ച്ചകള്‍ കണ്ടുകഴിഞ്ഞാല്‍ മറ്റൊരു ട്രയിനില്‍ ഘടിപ്പിച്ച് അടുത്ത സ്ഥലത്തേക്ക്

ഞാനും ജോണ്‍ജോസഫും മഹാനഗരം കാണാനിറങ്ങി
എന്തൊരു തിക്കും തിരക്കും
ബസ്സ്സ്റ്റാന്റ് മാര്‍ക്കറ്റ് സിനിമാതീയേറ്ററുകള്‍
ആ തിരക്കില്‍ ഒഴുകി നടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു വീര്‍പ്പുമുട്ടു പോലെ
ഗിര്‍ ഇനത്തില്‍പ്പെട്ട ഒരു പശുവിനെക്കണ്ടു ഞങ്ങള്‍കുറേ നേരം നോക്കിനിന്നു

വൈകിട്ട് ബോഗിയില്‍ തിരിച്ചെത്തിയപ്പോള്‍
ബോഗിയില്‍ വലിയ ആവേശത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു
ചിലവീരന്മാര്‍ വന്നയുടനെ അവര്‍ക്കു വേണ്ടതു തേടിപ്പിടിച്ചിരിക്കുന്നു

കാമാത്തീപുരം!

അതിന്റെ വര്‍ണ്ണനയാണ്
സുന്ദരിമാര്‍ നിരന്നുനില്‍ക്കുന്ന ചുവന്നതെരുവ്
"വാടാകുട്ടാ" എന്നുവിളിച്ച മലയാളിപ്പെണ്ണിനെപ്പറ്റി ഒരുവന്‍
അവരുടെ സൗന്ദര്യത്തേപ്പറ്റി മറ്റൊരുവന്‍
പൊടിപ്പും തൊങ്ങലും വച്ചു വര്‍ണ്ണിക്കുന്നവരുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം
ആകെ ഒരു ഉല്‍സവപ്രതീതി

പിറ്റേന്ന് രാവിലേ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍
കൂട്ടത്തിലൊരുവന് വലിയ തലവേദനയും ഓക്കാനവും
ഭക്ഷണം പിടിക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു
മഹാ നഗരം കാണാനുള്ള അവസരമല്ലേ അവനില്ലാതാകുന്നത്
ഞങ്ങള്‍ക്ക് സഹതാപം തോന്നി

ഞാന്‍ ട്രയിനില്‍ നിന്നും ഇറങ്ങിയപ്പോള്‍ നാരായണപിള്ള വന്ന് എന്റെ കൈയ്യില്‍ പിടിച്ചു
"എടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
എന്റെകൂടെ കാമാത്തീപുരത്തേക്ക് വരണം।"
ഞാന്‍ ഒന്നു ഞെട്ടി
"ചുവന്നതെരുവിലേക്കോ? ഞാനില്ല।"
"അതല്ലടാ, എനിക്ക് തന്നേ പോകാന്‍ പേടി।
നീ അകത്തുകേറേണ്ട പുറത്തുനിന്നാല്‍ മതി
ഇല്ലാ എന്നുപറയരുത് പ്ലീസ്....!"

നാരായണപിള്ളക്ക് ഒറ്റക്ക് ആ വഴിപോകാന്‍ പേടി
ഗുണ്ടകള്‍ ഒറ്റക്ക് ചെല്ലുന്നവനേ പിടിച്ച് പണം തട്ടിപ്പറിച്ച് അവസാനം
പെരുവഴിയിലേക്ക് തള്ളുമോ എന്നപേടി

അവസാനം തീരുമാനമായി
ചുവന്നതെരുവില്‍കയറാന്‍ രണ്ടുപേര്‍
കൂടെ ചെല്ലാന്‍ ഞാന്‍,അറ്റന്റര്‍ രാമകൃഷണന്‍

തെരുവിലൂടെ നടക്കുമ്പോള്‍ രണ്ടു സൈഡില്‍ നിന്നും കൈമാടിവിളിക്കുന്നവരേ
നോക്കുക പോലും ചെയ്യാതെ ഞാന്‍ നടന്നു
രാമകൃഷ്ണന്‍ ഒരു മൂന്നുനില മന്ദിരം ചൂണ്ടിക്കാണിച്ചു
"ഇതാണുസ്ഥലം!!!"

ഞാന്‍ അങ്ങോട്ടുനോക്കി
ഒരു സിനിമാതീയ്യേറ്ററില്‍ കയറുമ്പോലെ ജനപ്രവാഹം
എനിക്ക് തലമരയ്ക്കുന്നതുപോലെ തോന്നി

"ഒരുമണിക്കൂറു നിങ്ങള്‍ കാത്തുനില്‍ക്കണം"
ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ആ പടികള്‍ കയറാന്‍ തുടങ്ങിയ ഒരാള്‍ എന്നോടു പറഞ്ഞു।

ഞാനും രാമകൃഷണനും അടുത്തുകണ്ട ഒരു കടയിലേക്കുനടന്നു അപ്പോഴാണാകാഴ്ച്ചകണ്ടത്
രാവിലെ തലവേദനയും ഓക്കാനവുംകൊണ്ട് എഴുന്നേല്‍ക്കാന്‍ പറ്റാതെകിടന്നവനതാ
ഒരു ടാക്സിയില്‍ ഒറ്റക്ക് വന്നിറങ്ങി ആ പടികള്‍ ഓടിക്കേറിപ്പോകുന്നു

ആരും അറിയാതെ ഇവിടെ വരാന്‍ അവന്‍ കണ്ട സൂത്രപ്പണി
എന്റെ പുലിയന്നൂര്‍ തേവരേ!!
ഓരോരുത്തന്റെ ബുദ്ധിപോകുന്ന വഴിയേ.....!

ഞങ്ങള്‍ ഓരോചായക്ക് ഓഡര്‍ കൊടുത്തു
അത് മുഴുവനും കുടിച്ചില്ല
അപ്പോഴേക്കും അതാ ഒരുമണിക്കൂര്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞവന്‍ ഓടിപ്പാഞ്ഞുവരുന്നു

"പോകാമെടാ, ഇനി നില്‍ക്കേണ്ട।"
അവന്‍ ഞങ്ങളുടെ മുഖത്തുനോക്കുന്നില്ല
അപ്പോഴേക്കും മറ്റേവനും എത്തി
അവന്‍ വന്നപാടേ ഒരു ടാക്സിക്കു കൈനീട്ടി
ഞങ്ങള്‍ ചായ മുഴുവനും കുടിക്കാതെ അവന്റെകൂടെ ഓടിക്കേറി
ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല
ശവത്തേകുത്തേണ്ട എന്ന് തോന്നി
അല്ലങ്കില്‍ പിന്നെ ഞങ്ങള്‍ എന്തോന്നു കൂട്ടുകാര്‍?

അന്നുവൈകിട്ട് ഞങ്ങളും കാമാത്തീപുരത്തേ അത്ഭുതകഥകള്‍ വര്‍ണിക്കാന്‍ കൂടി
ഉര്‍വ്വശി രംഭ തിലോത്തമ എന്നുവേണ്ട എല്ലാ ദേവസുന്ദരിമാരുമവിടെയുണ്ടെന്നമട്ടിലായി വര്‍ണ്ണനകള്‍

ഈ അത്ഭുതകഥകള്‍ എല്ലാം ഒരാളേ വല്ലാതെ അസ്വസ്തനാക്കി
ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരു കാമുകനെ
ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരാളുമായി അയാള്‍ അഗാഥ പ്രണയത്തിലാണു
അത്ഭുത ദ്വീപിന്റെ വര്‍ണ്ണനകേട്ടപ്പോള്‍ മുതല്‍ അവിടെ ഒന്നുപോയി കാണണമെന്ന് അതിയായ മോഹം
എന്നാല്‍ ഇക്കാര്യം കാമുകി അറിഞ്ഞാലെന്താകും എന്നയാള്‍ക്കറിയാം
ആകെ പിരിമുറുക്കം

ചില സഹപാഠികള്‍ അതിനൊരുപരിഹാരം നിര്‍ദ്ദേശിച്ചു
"നിനക്ക് ആ സ്ഥലം ഒന്നു കണ്ടാല്‍ മാത്രം പോരെ?
അത് കാമുകി അറിയതെ ചെയ്യാമല്ലോ
അവള്‍ ഉറങ്ങിക്കഴിഞ്ഞ് നീ പൊക്കോ
ഞങ്ങള്‍ ആരോടും പറയാതെ സൂക്ഷിച്ചോളാം।"

രാത്രി 12 മണിക്ക് കാമുകി ഉറങ്ങിയെന്ന് ബോദ്ധ്യം വന്നപ്പോള്‍
ആ കാമുകന്‍ ശബ്ദംകേള്‍പ്പിക്കാതെ ട്രയിനില്‍ നിന്നിറങ്ങി
കാമാത്തീപുരത്തേ കാഴ്ച്ചകള്‍ കാണാന്‍ തിരക്കിട്ട് ഓടിപ്പോയി

അവന്‍പോയ ഉടനേ ആത്മാത്ഥസുഹൃത്തുക്കള്‍ കാമുകിയേ വിളിച്ചുണര്‍ത്തി
പുതിയ വിശേഷം അറിയിച്ചു

"അറിഞ്ഞില്ലേ നിന്റെവിശ്വസ്ത കാമുകനിപ്പോ കാമാത്തീപുരത്തേക്കുപോയി
ഇവനേയാണോ നീയൊക്കെ വിശ്വസിച്ചത് കഷ്ടം കഷ്ടം...!!"

കാമുകി കരച്ചിലായി
രാത്രി രണ്ടുമണിയായിക്കാണും
കാമുകന്‍ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍പ്പിക്കാതെ
ബോഗിയില്‍ കയറി ആശ്വാസത്തോടെ ചുറ്റും നോക്കി

ഞെട്ടിപ്പോയി!

ബോഗിയിലെ മുഴുവന്‍ ആളുകളും രാത്രി രണ്ടുമണിക്കും ഉണര്‍ന്നിരിക്കുന്നു
അവര്‍ക്കു നടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന് കാമുകി !!

ഭൂമി പിളര്‍ന്ന് തന്നേ താഴേക്ക് കൊണ്ടുപോയെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചുപോയി

ആ കാഴ്ച്ച ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി
പെട്ടന്ന് ഓര്‍മ്മ വന്നു
ഇങ്ങനെഒച്ചയില്‍ ചിരിക്കരുതെല്ലോ
ഞാന്‍ ഇപ്പോള്‍ നേത്രാവതി എക്സ്പ്രസ്സിന്റെ ഒരു ബര്‍ത്തില്‍ കിടക്കുകയല്ലേ

വണ്ടി ഒന്നു ചൂളം വിളിച്ചു
ഝ്ക് ഝ്ക് ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു
ഞാന്‍ അതില്‍ ലയിച്ചുകിടന്നു

1 comment:

അനില്‍@ബ്ലോഗ് // anil said...

ചേട്ടായിയെ,
കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?
:)